Wednesday, 15 May 2013

DALIT.... by Shiby chettan

ആയിരത്തി തൊള്ളായിരത്തി അറുപതുകളിൽ അമേരിക്കയിൽ ശക്തമായിരുന്ന ആഫ്രോ അമേരിക്കൻ പ്രസ്ഥാനം ആയിരുന്നു ബ്ലാക്ക്‌ പാന്തർ മൂവ് മെന്റ് . ഇതിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു കൊണ്ട് , 1972 ൽ ഒരു പറ്റം ദലിത് ചെറുപ്പക്കാർ മുംബയിൽ കൂടിച്ചേർന്ന് രൂപീകരിച്ചതാണ് ദലിത് പാന്തർ മൂവ് മെന്റ് . ദലിതരെ സംബന്ധിച്ച ഏത് ഗ്രന്ഥവും പഠനങ്ങളും ആരംഭിക്കുന്നത് 'ദലിത് ' എന്ന വാക്കിനെ ചരിത്രപരമായി വിശദീകരിച്ചു കൊണ്ടാണല്ലോ. അത് ഇനിയും പരിശോധിക്കാവുന്നതാണ് . ഞാൻ മറ്റൊരു കാര്യം ശ്രദ്ധയിൽ പെടുത്തട്ടെ. സാമൂഹിക / രാഷ്ട്രീയ പ്രക്രീയയിൽ വാക്കുകൾ പ്രതിനിധാനം ചെയ്യുന്നത് 'noun' എന്നാ നിലക്കല്ല. അത് ചരിത്രപരവും സ്വത്വപരവുമായ പ്രതിനിധാനവും അടയാളവുമാണ് . സാക്ഷാൽ ബാബാ സാഹെബ് അംബദ് കരുടെ ആദ്യ പ്രസിദ്ധീകരണത്തിന്റെ പേര് 'മൂക് നായക് ' എന്നായിരുന്നു (The Leader of the Dumb). എന്താണ് അത് അർഥമാക്കുന്നത് ? കേവല യുക്തിയിൽ പൊട്ടന്മാരുടെ നേതാവെന്നോ ? അല്ല. ശതാബ്ദങ്ങളോളം 'മൂകരാക്കപ്പെട്ട' വരുടെ നായകൻ എന്നാണ് അതിന്റെ സാമൂഹിക രാഷ്ട്രീയ അർഥം. 1924 ൽ അദ്ദേഹം രൂപീകരിച്ച പ്രസ്ഥാനം ആയിരുന്നു, 'ബഹിഷ്കൃത ഹിതകാരിണി സഭ'. സാമൂഹികവും രാഷ്ട്രീയവുമായി ബഹിഷ്ക്കരിക്കപ്പെട്ടവരുടെ സഭ എന്നാണ് അതിന്റെ അർഥം. പിന്നീട് പീപ്പിൾ എന്ന പത്രവും അദ്ദേഹം പ്രസിദ്ധീകരിച്ചു. 'ഭരണ വർഗ്ഗത്തിൽ' നിന്നും മാറിയുള്ള പ്രയോഗം ആണല്ലോ അത് . പിന്നീട് സൈമണ്‍ കമ്മീഷൻ മുൻപാകെയും വട്ടമേശ സമ്മേളനത്തിലും ഡിപ്രസഡ് ക്ലാസ് എന്ന പ്രയോഗം വരുന്നതായി കാണാം. ഇത്രയും സൂചിപ്പിച്ചത് , ഈ പദങ്ങൾ ഒന്നും തന്നെ വാചികമായ അർഥത്തെ അല്ല ഉല്പ്പാദിപ്പിക്കുന്നത് . മറിച് അതിന്റെ തീവ്രമായ ചരിത്രാനുഭാവത്തെ ആണ് . അത് ഒരു സവിശേഷ സ്വത്വതെയാണ് (identity ) കാണിക്കുന്നത് . ഇല്ലാത്ത ഒന്നിനെ അത് വഹിക്കുകയില്ല. അതുകൊണ്ടാണ് ഗാന്ധിയുടെ ഔദാര്യമായ "ഹരിജൻ" എന്ന പദം ദലിതർ നിഷേധിച്ചത് . 'തകർന്നവർ', 'മുറിവേറ്റവർ ' എന്നല്ല ദളിത്‌ എന്ന വാക്കിന്റെ അർഥം. "തകർക്കപ്പെട്ടവർ", "മുറിവേറ്റപ്പെട്ടവർ" എന്നിങ്ങനെയാണ് . "പ്പെട്ടവർ" എന്ന 'ആഡ് ജക്ട്ടീവ് ' ആണ് അതിന്റെ രാഷ്ട്രീയ രൂപം. അടിച്ചമർത്തിയവർ, മുറിവ് നൽകിയവർ , മർദ്ദിച്ചവർ എന്ന ഒരു സാമൂഹിക അപരത്തെ കൂടി അത് വെളിപ്പെടുത്തുന്നുണ്ട് . അങ്ങിനെ വരുമ്പോൾ സവർണ്ണ അധീശത്വത്തെ വെല്ലുവിളിക്കുന്ന political Assertion ആണ് ദലിത് എന്ന വ്യവഹാരം. ക്രിസ്ത്യാനികൾ കുരിശ് പ്രഥമ അടയാളം ആക്കുന്നത് എന്ത് കൊണ്ടാണ് ? അത് വെല്ലുവിളി നിറഞ്ഞ ജീവിതത്തിന്റെ , മരണത്തിന് പോലും തകർക്കാൻ കഴിയാത്ത വിശ്വാസത്തിന്റെ അടയാളം ആയതിനാലാണ് . അല്ലാതെ തൂക്ക് കയർ പോലെ ഒരു കൊലപാതക ഉപകരണം എന്ന നിലക്കല്ല.
പലരും ഉന്നയിച്ച "പരിവർതതിതർ" എന്ന പ്രയോഗം progressive എന്നതിന്റെ മലയാളം അല്ല. മറിച്ചു, 'conversion' എന്ന പദത്തിന്റെ സിനോണിം ആണ് . ദലിതർ അവരുടെ ഭിന്നമായ സാമൂഹികാനുഭാവങ്ങളിൽ നില്ക്കുമ്പോഴും "ദലിത് " എന്ന പദം അവരെ ഒരുമിച്ച് പ്രതിനിധീകരിക്കുന്നു. ഈ പ്രതിനിധാനത്തെ ഒരു സമുദായം എന്ന നിലയിൽ ചേർത്തു വയ്ക്കുക എന്നതാണ് ദലിത് രാഷ്ട്രീയ പ്രവർത്തനം എന്നും ഞാൻ കരുതുന്നു. ഒരു ക്രൈസ്തവ വിശ്വാസി എന്ന നിലയിൽ പറയട്ടെ, 'ഹാലേലുയ്യ' എന്ന വാക്കിനോപ്പമോ അതിലേറെയോ പ്രാധാന്യം "ജയ്‌ ഭീം" എന്ന വിളിയിൽ ഞാൻ കാണുന്നു.
ജയ് ഭിം

No comments:

Post a Comment